Saturday, November 25, 2006

പ്രേമം

ഭൌതിക മാനങ്ങ്ളുടെ തിട്ടപ്പെടുത്തെലുകളിലേക്ക് ചുരുങ്ങിപ്പോകാന്‍ സ്വയം വിസമ്മാതിക്കുന്ന പ്രേമത്തിന്റെ അനന്തമായ വികാസങ്ങളെ രേഖപ്പെടുത്തുന്നതാണ് മഹാനായ സൂഫി വര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ പ്രിയ ശിഷ്യനായിരുന്ന മിസ്റ്റിക്ക് കവി അമീര്‍ ഖുസ്രുവിന്ന് പ്രേമത്തിന്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ പറഞ്ഞുകൊടുത്ത താഴെപ്പറയുന്ന കഥ(ഇ.എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)

രാജകൊട്ടാരത്തിലെ അലക്കുകാരനായ അച്ചന്‍, രാജകുമാരിയുടെ മാത്രം വസ്ത്രം അലക്കുന്നതിന്നും പ്രത്യേകം പരിമളം ചേര്‍ത്ത് അടുക്കിവെക്കുന്നതിനും അയാളുടെ യുവാവായ മകനെ നിയോഗിച്ചു. മകന്‍ അതില്‍ മിടുക്കനായിരുന്നു രാജകുമാരിയെ അയാള്‍ക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അലക്കാനായി കൊണ്ടിടുന്ന വസ്ത്രങ്ങളിലൂടെ അവളുടെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ രാജകുമാരിയെ പ്രേമിക്കാനും തുടങ്ങി. രാജകുമാരിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും. അയാള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. രാജകുമാരി ചെറുപ്പമാണന്നും അതി സുന്ദരിയാണന്നും അയാള്‍ മറ്റ് ഭൃത്യന്മാരിലൂടെ അറിഞ്ഞു. അപ്പോഴൊക്കെ രാജകുമാരിയുടെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ അടുക്കിവെക്കുകകയും ചിലപ്പോഴൊക്കെ അടുക്കിവെച്ചവെയ്ക്കു മേലെ കൈപ്പത്തി വെച്ച് തന്റെ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. ഇതയാള്‍ക്കു കുറച്ചൊന്നുമല്ല ആനന്ദവും പ്രേമവശ്യതയും നല്‍കിയത്. മകനിലെ ഈ മാറ്റം പിതാവായ അലക്കുകാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ അയാള്‍ കൊണ്ടുവന്ന വിവാഹ അഭ്യര്‍ത്ഥന പോലും മകന്‍ നിരസിച്ചപ്പോള്‍ കാര്യം പന്തികേടാണന്ന് അച്ചനു മനസ്സിലായി. അയാളും ഭാര്യയും അയാളുടെ സുഹൃത്തും കൂടി ഒരു കാര്യം തീരുമാനിച്ചു. മകനില്‍ നിന്ന് രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി മാറ്റുക. അതയാള്‍ക്കു പ്രശ്‌നമുണ്ടാക്കുമെന്നറിയുന്നതുകൊണ്ട്, രാജകുമാരി മരിച്ചതായോ വിവാഹം ചെയ്ത് കൊട്ടാരം വിട്ടതായോ പറയാമെന്നും അവര്‍ പദ്ധതിയിട്ടു.അച്ചന്‍ രാജകുമാരിയുടെ മരണവാര്‍ത്ത പറഞ്ഞതും മകന്‍ നിലത്ത് വീണതും ഒന്നിച്ചായിരുന്നു. അവന്‍ പിന്നെ എഴുന്നേറ്റില്ല, ഇത്ര ഗാഡമായ പ്രേമം രാജകുമാരിയെ ഒരിക്കല്‍ പൊലും കാണാത്ത അയാള്‍ക്കുണ്ടായിരുന്നു എന്ന് അച്ചന്‍ പോലും അറിഞ്ഞിരുന്നില്ല.

മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ഏറെ സങ്കടപ്പെട്ടു.പുതിയ ആള്‍ രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കാനും അടുക്കിവെച്ച് രാജകുമാരിക്ക് കൊടുത്തയക്കാനും തുടങ്ങി. എന്നാല്‍ വസ്ത്രം അലക്കി ഒതുക്കി അയക്കുന്നതിലും പരിമളം പൂശുന്നതിലുമെല്ലാം കാര്യമായ മാറ്റം വന്നത് രാജകുമാരി ശ്രദ്ധിച്ചു. പഴയ ശ്രദ്ധയും അടുക്കിവെച്ചിരിക്കുന്ന രീതിയും സുഗന്ധവുമെല്ലാം നഷ്ടമായിരിക്കുന്നു. ആരാണ് തന്റെ വസ്ത്രങ്ങള്‍ അലക്കുന്നതെന്ന് രാജകുമാരി അന്വേഷിച്ചു. പുതിയ ആ‍ളാണെന്ന് ഉത്തരം കിട്ടി. പഴയ ആള്‍ പെട്ടന്ന് മരിച്ചതായും അറിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ ഇത്രയും കാലം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്ന ആളെ താനൊരിക്കലും കണ്ടില്ലല്ലോ എന്നോര്‍ത്ത് രാജകുമാരി ഭൃത്യയെയും കൂട്ടി ശ്‌മശാനത്തിലേക്ക് പോയി.അയാളുടെ കല്ലറയ്ക്കു മുന്നില്‍ രാജകുമാരി നിന്നു. താനൊരിക്കലും മുഖാമുഖം കണ്ടിട്ടില്ലാത്ത ചെറുപ്പക്കരന്റെ കല്ലറയില്‍ രാജകുമാരി ഒരു പുഷ്പം വെച്ചു. കല്ലറ ആനിമിഷം അനങ്ങുകയും അതില്‍ നിന്നും പ്രേമസുഗന്ധം ഉണ്ടാവുകയും ചെയ്തു. രാജകുമാരി ആദ്യമായി അനുഭവിച്ച പ്രേമത്തിന്റെ സുഗന്ധത്തില്‍ അമരുകയും കല്ലറയില്‍ വീഴുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

Thursday, November 23, 2006

പ്രണയം, പ്രാര്‍ത്ഥന, ജീവിതം - ഖലീല്‍ ജിബ്രാന്‍

ജീവിതം ആഗ്രഹപ്രേരിത സ്വപ്നങ്ങളാല്‍ ശല്യം ചെയ്യപ്പെടുന്ന ഉറക്കമാണ്


വന്യതയില്‍ വിശ്വാസമോ അശ്വസ്തമായ അവിശ്വാസമോ ഇല്ല. ഗാനമാലപിക്കുന്ന പക്ഷികള്‍ക്ക് സത്യം, ആഗ്രഹം, ദുഖം ഇവയിലൊന്നും അശേഷം പിടിവാശിയുമില്ല.


സനാതത്വത്തിലേക്ക് പ്രത്യാഗമനം ചെയ്യുന്നവര്‍ക്ക് മാത്രമേ അനശ്വരതയെ ഭൂമിയില്‍ തേടി കണ്ടത്താനാവൂ.

ഇരുട്ടിന്റെ വഴി പിന്നിടാതെ ഒരാളും ഉദയത്തില്‍ എത്തുകയില്ല.


പ്രേമമേ നീയനന്തം വാഴുക ഏകാന്തതകളില്‍ വിരസ‌തകളെ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടാമതൊരു ഹൃദയത്തോട് ഇണചേരാന്‍ അതു നിന്നെ പ്രാപ്തനാക്കുന്നു.

ദൈവത്തിന്റെ നിഴലാണ് ക്ലേശം. ദുഷിച്ച ഹൃദയങ്ങളുടേ സാമ്രാജ്യത്തില്‍ അതിനു നിലനില്പില്ല.

സ്‌നേഹിക്കുമ്പോള്‍ ദൈവം നിങ്ങളുടെ ഹൃദയത്തിലുണ്ട് എന്ന് നിങ്ങള്‍ പറയരുത്; ഞാന്‍ ദൈവത്തിന്റെ ഹൃദയത്തിലാണ് എന്ന് പറയുക.

സ്‌നേഹിക്കുന്ന ആത്മാക്കളോട് മൌനത്തിലൂടെയാണ് സത്യം സംവദിക്കുന്നത്.

കവിത ഒരു അഭിപ്രായം ആവിഷ്കരിക്കലല്ല: നീറുന്ന ഒരു മുറിവില്‍ നിന്നോ മന്ദഹസിക്കുന്ന ഒരു വദനത്തില്‍ നിന്നോ ഉയരുന്ന ഒരു ഗാനമാണത്.

ഏകദൈവത്തിന്റെ സ്നേഹഹസ്തത്തിലെ വിരലുകളാണ് വിവിധ വഴികളായ മതങ്ങള്‍.

മരണം ശരീരത്തിന്റെ അവസാനത്തില്‍ നിന്നുമുള്ള ആത്മാവിന്റെ യാത്രയുടെ തുടക്കമാണ്.