Thursday, September 28, 2006

സൂഫിസവും സന്യാസവും വ്യത്യസ്തപാതകള്‍

സൂഫിസവും സന്യാസവും പ്രഥമ ദൃഷ്ട്യാ ചില സമാനതകള്‍ തോന്നാമെങ്കിലും. ഇവ രണ്ടും വ്യത്യസ്തങ്ങളായ വഴികളാണ്. ഇതില്‍ വസ്ത്രധാരണത്തിന്റെയോ മറ്റോ പ്രശ്‌നമല്ല മറിച്ച് അതിന്റെ തുടക്കം, വളര്‍ച്ചയുടെ ഘട്ടങ്ങള്‍ തുടങ്ങി അന്ത്യം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സന്യാസം വെറും ഒരു മനോഭാവം മാത്രമല്ല. ഒരു മനുഷ്യന്‍ ആത്മാവില്‍ നിന്നുള്ള ഒരു വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ഭൌതിക ജീവിതത്തില്‍ നിന്നും വേര്‍‌പെട്ട് പൂര്‍‌ണ്ണമായി ദൈവത്തെ പ്രാപിക്കുന്ന ഒരു പ്രക്രിയയാണ് സന്യാസം. ഇതിന് അയാള്‍ വ്യക്തമായ ചില ചിട്ടവട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ബ്രഹ്മചര്യ,, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം തുടങ്ങി അവസാനം സന്യാസത്തിലെത്തുന്നതാണ് ഈ ആത്മീയ പ്രക്രിയ. വാനപ്രസ്ഥത്തോടു കൂടി അയാള്‍ പൂര്‍‌ണ്ണമായും ലൌകിക, ഭൌതിക ലോകത്തു നിന്നും ഈ വ്യക്തി വേര്‍‌പെടുന്നു. കുടുംബം, ഗൃഹം എന്നിത്യാദി സകലമാന സമൂഹ്യ ഉപകരണങ്ങളില്‍ നിന്നും പ്രസ്തുത വ്യക്തി സ്വയം വേര്‍പെടുന്നു. അയാള്‍ എപ്പോഴും ധ്യാന നിരതനായിരിക്കുകയും അവസാനം ദൈവത്തില്‍ സമാധി അടയുന്നു. അല്ലാതെ ഒരു മനോഭാവം പുലര്‍ത്തിയതുകൊണ്ട് സന്യാസിയാവന്‍ പറ്റില്ല.

സൂഫിസം തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ഒരു സൂഫിക്ക് കുടുംബത്തെ ഉപേക്ഷിക്കേണ്ടതോ ബന്ധങ്ങള്‍ വിച്ചേദിക്കേണ്ടതോ സമൂഹത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടതോ വേണ്ടതില്ല. മറിച്ച് നിങ്ങള്‍ കുടുംബത്തോടും സമൂഹത്തോടുമൊപ്പം ജീവിക്കുകയും അതേ സമയം ആന്തരികമായി ഏകാന്തത അനുഭവിക്കുകയും ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുകയും ചെയ്യുന്നു. തികച്ചും വൈയക്തികമായ ഈ അന്വേഷണം പൂര്‍‌ണ്ണമായും നമ്മുടേ ഉള്ളിലാണ് സംഭവിക്കുന്നത്. എന്നാല്‍ അതിന്റെ പ്രതിഫലനവും, ബഹിര്‍സ്‌ഫുരണവും സന്യാസത്തെപ്പോലെ വൈയ്ക്തികവുമല്ല, അത് പുറത്തേക്കെത്തുന്നത് സര്‍വ്വ ചരാചരങ്ങളോടുമുള്ള അനന്തമായ സ്‌നേഹധാരയായിട്ടാണ് . അങ്ങിനെ ആ സ്‌നേഹത്തിന്റെ മഹാപ്രവാഹം ദൈവം എന്ന പ്രണയ സാഗരത്തില്‍ എത്തിച്ചേരുന്നു. സൂഫിസത്തെക്കുറിച്ച് ഉള്ള നിര്‍വചനങ്ങള്‍ “സൂഫിസം ഒരാമുഖക്കുറിപ്പ് “ എന്ന ആദ്യത്തെ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട് അത് കാണുക.

1 Comments:

At 2:59 AM, Anonymous Anonymous said...

ബ്രഹ്മചര്യ,, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം തുടങ്ങിവയില്ലാതെ തന്നെ ഒരാള്‍ക്ക് സന്ന്യാസിയാവാന്‍ പറ്റില്ലെന്നാണോ വാദം? എങ്കില്‍ അത് പൂര്‍ണ്ണമായും ശരിയല്ല. അതൊരു തെറ്റിദ്ധാരണയാണ്. ആര്‍ക്കും സന്ന്യാസിയാവാം, ഇവിടെ ഒരാളുടെ ചില അഭ്യാസങ്ങാള്‍ക്കല്ല പ്രാധാന്യം, അയാളുടെ മനോഭാവത്തിനാണ്. ഒരു സ്ഥലത്ത്‌ കുത്തിയിരിക്കാതെ ധ്യാ‍നിക്കാനോക്കില്ലെന്നുണ്ടോ?
നിങ്ങളുടെ മനോഭാവം നന്നായാല്‍ നിങ്ങള്‍ സന്ന്യാസിയാ‍യി. ബ്രഹ്മചര്യ,, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം ഇവയെല്ലാം സന്ന്യാസത്തിന്‍റെ ഒരു വശം മാത്രമാണെന്ന് വാദിച്ചുകൂടെ?

 

Post a Comment

<< Home