Thursday, October 05, 2006

പ്രണയത്തിന്റെ മതം

എന്റെ മാതാവ് സ്‌നേഹം
എന്റെ പിതാവ് സ്‌നേഹം
എന്റെ പ്രവാചകന്‍ സ്‌നേഹം
എന്റെ ദൈവം സ്‌നേഹം
ഞാന്‍ സ്‌നേഹത്തിന്റെ പുത്രന്‍
സ്‌നേഹത്തെപ്പറ്റി പാടാന്‍ മാത്രമായി
ഞാനിവിടെ വന്നു
- ജലാലുദ്ദീന്‍ റൂമി
(അവലംബം ഇ. എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകം, പ്രസാദനം കൈരളി ബുക്സ്)

സൂഫിസം പ്രണയത്തിലധിഷ്ടിതമായ ചിന്താധാരയാണ്. പ്രണയത്തിന് ഇന്ന് നാം നോക്കിക്കാണുന്ന കാല്പനികതകള്‍ക്കെല്ലാം അപ്പുറത്തേക്ക് വ്യാപിക്കുന്ന വിശാലമായ ഒരു ഭൂമികയുണ്ടെന്ന വ്യക്തമായ ബോധ്യമുള്ളവരാണ് സൂഫികള്‍. ഹൃദയവും പ്രണയവും എവിടെയാണോ വേര്‍പിരിയുന്നത് അവിടയാണ് പ്രണയത്തിന്റെ സാധ്യതകള്‍ അവസാനിക്കുന്നത്. അല്ലങ്കില്‍ അത് ലിംഗപരമോ ഭൌതികപരമോ ആയ വൃത്തങ്ങളിലേക്ക് ചുരുങ്ങിപ്പോകുമ്പോഴാണ് സര്‍വ്വവിധ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തേക്ക് പ്രവഹിക്കാന്‍ കെല്പുള്ള അതിന്റെ സാധ്യതകള്‍ നഷ്ടമാവുന്നത്. ഇത് അതിവിശാലമായ ഒരു സൌന്ദര്യ ബോധത്തില്‍ നിന്നാണ് ഒരു സൂഫി തിരിച്ചറിയുന്നത്.

അനുഭവങ്ങളും അനുഭൂതികളും ഈ ഒരര്‍‍ത്ഥത്തില്‍ വിശാലപ്പെടുത്താന്‍ ഹൃദയത്തെ പ്രാപ്തമാക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ജൈവപരമായ വിലങ്ങുകളില്‍ നിന്ന് നാം സ്വയം മോചിതരാവുന്നത്. അങ്ങനെ മത്രമേ നമുക്ക് പരിമിതികളില്ലാത്ത പ്രേമത്തിന്റെ പാട്ടുകാരാവാന്‍ കഴിയൂ.

ഈ രീതിയില്‍ സംസ്കരിക്കപ്പെട്ട പ്രേമത്തിന്റെ മതമാണ് സൂഫിസം അതുകൊണ്ട് തന്നെയാണതിന് ഹൃദയത്തിന്റെ ഭാഷയില്‍ സംവേദിക്കാന്‍ കഴിയുന്നത്.

ഭൌതിക മാനങ്ങ്ളുടെ തിട്ടപ്പെടുത്തെലുകളിലേക്ക് ചുരുങ്ങിപ്പോകാന്‍ സ്വയം വിസമ്മാതിക്കുന്ന പ്രേമത്തിന്റെ അനന്തമായ വികാസങ്ങളെ രേഖപ്പെടുത്തുന്നതാണ് മഹാനായ സൂഫി വര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ പ്രിയ ശിഷ്യനായിരുന്ന മിസ്റ്റിക്ക് കവി അമീര്‍ ഖുസ്രുവിന്ന് പ്രേമത്തിന്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ പറഞ്ഞുകൊടുത്ത താഴെപ്പറയുന്ന കഥ

(ഇ.എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)
പ്രേമം
രാജകൊട്ടാരത്തിലെ അലക്കുകാരനായ അച്ചന്‍, രാജകുമാരിയുടെ മാത്രം വസ്ത്രം അലക്കുന്നതിന്നും പ്രത്യേകം പരിമളം ചേര്‍ത്ത് അടുക്കിവെക്കുന്നതിനും അയാളുടെ യുവാവായ മകനെ നിയോഗിച്ചു. മകന്‍ അതില്‍ മിടുക്കനായിരുന്നു രാജകുമാരിയെ അയാള്‍ക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അലക്കാനായി കൊണ്ടിടുന്ന വസ്ത്രങ്ങളിലൂടെ അവളുടെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ രാജകുമാരിയെ പ്രേമിക്കാനും തുടങ്ങി. രാജകുമാരിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും. അയാള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. രാജകുമാരി ചെറുപ്പമാണന്നും അതി സുന്ദരിയാണന്നും അയാള്‍ മറ്റ് ഭൃത്യന്മാരിലൂടെ അറിഞ്ഞു. അപ്പോഴൊക്കെ രാജകുമാരിയുടെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ അടുക്കിവെക്കുകകയും ചിലപ്പോഴൊക്കെ അടുക്കിവെച്ചവെയ്ക്കു മേലെ കൈപ്പത്തി വെച്ച് തന്റെ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. ഇതയാള്‍ക്കു കുറച്ചൊന്നുമല്ല ആനന്ദവും പ്രേമവശ്യതയും നല്‍കിയത്. മകനിലെ ഈ മാറ്റം പിതാവായ അലക്കുകാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ അയാള്‍ കൊണ്ടുവന്ന വിവാഹ അഭ്യര്‍ത്ഥന പോലും മകന്‍ നിരസിച്ചപ്പോള്‍ കാര്യം പന്തികേടാണന്ന് അച്ചനു മനസ്സിലായി. അയാളും ഭാര്യയും അയാളുടെ സുഹൃത്തും കൂടി ഒരു കാര്യം തീരുമാനിച്ചു. മകനില്‍ നിന്ന് രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി മാറ്റുക. അതയാള്‍ക്കു പ്രശ്‌നമുണ്ടാക്കുമെന്നറിയുന്നതുകൊണ്ട്, രാജകുമാരി മരിച്ചതായോ വിവാഹം ചെയ്ത് കൊട്ടാരം വിട്ടതായോ പറയാമെന്നും അവര്‍ പദ്ധതിയിട്ടു.

അച്ചന്‍ രാജകുമാരിയുടെ മരണവാര്‍ത്ത പറഞ്ഞതും മകന്‍ നിലത്ത് വീണതും ഒന്നിച്ചായിരുന്നു. അവന്‍ പിന്നെ എഴുന്നേറ്റില്ല, ഇത്ര ഗാഡമായ പ്രേമം രാജകുമാരിയെ ഒരിക്കല്‍ പൊലും കാണാത്ത അയാള്‍ക്കുണ്ടായിരുന്നു എന്ന് അച്ചന്‍ പോലും അറിഞ്ഞിരുന്നില്ല. മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ഏറെ സങ്കടപ്പെട്ടു.

പുതിയ ആള്‍ രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കാനും അടുക്കിവെച്ച് രാജകുമാരിക്ക് കൊടുത്തയക്കാനും തുടങ്ങി. എന്നാല്‍ വസ്ത്രം അലക്കി ഒതുക്കി അയക്കുന്നതിലും പരിമളം പൂശുന്നതിലുമെല്ലാം കാര്യമായ മാറ്റം വന്നത് രാജകുമാരി ശ്രദ്ധിച്ചു. പഴയ ശ്രദ്ധയും അടുക്കിവെച്ചിരിക്കുന്ന രീതിയും സുഗന്ധവുമെല്ലാം നഷ്ടമായിരിക്കുന്നു. ആരാണ് തന്റെ വസ്ത്രങ്ങള്‍ അലക്കുന്നതെന്ന് രാജകുമാരി അന്വേഷിച്ചു. പുതിയ ആ‍ളാണെന്ന് ഉത്തരം കിട്ടി. പഴയ ആള്‍ പെട്ടന്ന് മരിച്ചതായും അറിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ ഇത്രയും കാലം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്ന ആളെ താനൊരിക്കലും കണ്ടില്ലല്ലോ എന്നോര്‍ത്ത് രാജകുമാരി ഭൃത്യയെയും കൂട്ടി ശ്‌മശാനത്തിലേക്ക് പോയി.

അയാളുടെ കല്ലറയ്ക്കു മുന്നില്‍ രാജകുമാരി നിന്നു. താനൊരിക്കലും മുഖാമുഖം കണ്ടിട്ടില്ലാത്ത ചെറുപ്പക്കരന്റെ കല്ലറയില്‍ രാജകുമാരി ഒരു പുഷ്പം വെച്ചു. കല്ലറ ആനിമിഷം അനങ്ങുകയും അതില്‍ നിന്നും പ്രേമസുഗന്ധം ഉണ്ടാവുകയും ചെയ്തു. രാജകുമാരി ആദ്യമായി അനുഭവിച്ച പ്രേമത്തിന്റെ സുഗന്ധത്തില്‍ അമരുകയും കല്ലറയില്‍ വീഴുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

2 Comments:

At 2:10 AM, Blogger ചില നേരത്ത്.. said...

സൂഫിസത്തെ പറ്റി താങ്കള്‍ക്ക് പറയാനുള്ളതും അതിലേക്ക് നയിച്ച താല്പര്യങ്ങളെയും പറ്റി വായിക്കാന്‍ താല്പര്യമുണ്ട്.
സൂഫിസത്തെ പറ്റിയുള്ള‘സീക്കിംഗ് പാരഡൈസ്’ എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടോ?
സസ്നേഹം
ഇബ്രു

 
At 5:23 PM, Blogger M.K.KHAREEM said...

എങ്ങോ ഇരിക്കുന്ന നിന്നിലേക്ക്‌
എന്‍റെ സഞ്ചാരം...
നാട്ടു പാതകള്‍,
കാട്ടു പാതകള്‍ പിന്നിട്ടു,
എന്‍റെ സഞ്ചാരം...
ഒടുക്കം ,
ഇനി എവിടേക്കും പാത ഇല്ലാതെ ആകുമ്പോള്‍
ഞാനറിയുന്നു,
നീ ഞാന്‍ തന്നെ....

 

Post a Comment

<< Home