Thursday, September 28, 2006

സൂഫിസവും സന്യാസവും വ്യത്യസ്തപാതകള്‍

സൂഫിസവും സന്യാസവും പ്രഥമ ദൃഷ്ട്യാ ചില സമാനതകള്‍ തോന്നാമെങ്കിലും. ഇവ രണ്ടും വ്യത്യസ്തങ്ങളായ വഴികളാണ്. ഇതില്‍ വസ്ത്രധാരണത്തിന്റെയോ മറ്റോ പ്രശ്‌നമല്ല മറിച്ച് അതിന്റെ തുടക്കം, വളര്‍ച്ചയുടെ ഘട്ടങ്ങള്‍ തുടങ്ങി അന്ത്യം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സന്യാസം വെറും ഒരു മനോഭാവം മാത്രമല്ല. ഒരു മനുഷ്യന്‍ ആത്മാവില്‍ നിന്നുള്ള ഒരു വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ഭൌതിക ജീവിതത്തില്‍ നിന്നും വേര്‍‌പെട്ട് പൂര്‍‌ണ്ണമായി ദൈവത്തെ പ്രാപിക്കുന്ന ഒരു പ്രക്രിയയാണ് സന്യാസം. ഇതിന് അയാള്‍ വ്യക്തമായ ചില ചിട്ടവട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ബ്രഹ്മചര്യ,, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം തുടങ്ങി അവസാനം സന്യാസത്തിലെത്തുന്നതാണ് ഈ ആത്മീയ പ്രക്രിയ. വാനപ്രസ്ഥത്തോടു കൂടി അയാള്‍ പൂര്‍‌ണ്ണമായും ലൌകിക, ഭൌതിക ലോകത്തു നിന്നും ഈ വ്യക്തി വേര്‍‌പെടുന്നു. കുടുംബം, ഗൃഹം എന്നിത്യാദി സകലമാന സമൂഹ്യ ഉപകരണങ്ങളില്‍ നിന്നും പ്രസ്തുത വ്യക്തി സ്വയം വേര്‍പെടുന്നു. അയാള്‍ എപ്പോഴും ധ്യാന നിരതനായിരിക്കുകയും അവസാനം ദൈവത്തില്‍ സമാധി അടയുന്നു. അല്ലാതെ ഒരു മനോഭാവം പുലര്‍ത്തിയതുകൊണ്ട് സന്യാസിയാവന്‍ പറ്റില്ല.

സൂഫിസം തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ഒരു സൂഫിക്ക് കുടുംബത്തെ ഉപേക്ഷിക്കേണ്ടതോ ബന്ധങ്ങള്‍ വിച്ചേദിക്കേണ്ടതോ സമൂഹത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടതോ വേണ്ടതില്ല. മറിച്ച് നിങ്ങള്‍ കുടുംബത്തോടും സമൂഹത്തോടുമൊപ്പം ജീവിക്കുകയും അതേ സമയം ആന്തരികമായി ഏകാന്തത അനുഭവിക്കുകയും ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുകയും ചെയ്യുന്നു. തികച്ചും വൈയക്തികമായ ഈ അന്വേഷണം പൂര്‍‌ണ്ണമായും നമ്മുടേ ഉള്ളിലാണ് സംഭവിക്കുന്നത്. എന്നാല്‍ അതിന്റെ പ്രതിഫലനവും, ബഹിര്‍സ്‌ഫുരണവും സന്യാസത്തെപ്പോലെ വൈയ്ക്തികവുമല്ല, അത് പുറത്തേക്കെത്തുന്നത് സര്‍വ്വ ചരാചരങ്ങളോടുമുള്ള അനന്തമായ സ്‌നേഹധാരയായിട്ടാണ് . അങ്ങിനെ ആ സ്‌നേഹത്തിന്റെ മഹാപ്രവാഹം ദൈവം എന്ന പ്രണയ സാഗരത്തില്‍ എത്തിച്ചേരുന്നു. സൂഫിസത്തെക്കുറിച്ച് ഉള്ള നിര്‍വചനങ്ങള്‍ “സൂഫിസം ഒരാമുഖക്കുറിപ്പ് “ എന്ന ആദ്യത്തെ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട് അത് കാണുക.

Wednesday, September 27, 2006

സൂഫിസം സന്യാസമല്ല

പ്രിയപ്പെട്ട വിനയന്‍,

സൂഫിസം സന്യാസമല്ല. ഒരു സന്യാസിക്ക് സൂഫി ആവാന്‍ കഴിയുന്നതുപോലെ ഒരു ലോറി ഡ്രൈവര്‍ക്കോ ഒരു അദ്ധ്യാപകനോ സൂഫി ആവാം. സൂഫിസം ഒരു മനോഭാവമാണ്. ഇതിന്റെ വളര്‍ച്ചയും പരിണാമവും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സ്വാര്‍ത്ഥം വെടിഞ്ഞ് തികച്ചും പരാര്‍ത്ഥമായി ജീവിതത്തെ കാണാന്‍ കഴിയുന്ന അറിവിന്റെ ഉന്നതമായ അവസ്ഥ വെളിവാകുന്ന ഒരു ഘട്ടമാണ് ഈ മനോഭാവത്തിന്റെ അടിസ്ഥാനം. ആത്മീയത എന്നാല്‍ തികച്ചും സ്വാര്‍ത്ഥമായ കാര്യങ്ങാള്‍ക്കു വേണ്ടി ദൈവത്തെ പ്രീണിപ്പിക്കുന്ന പുകഴ്ത്തലിന്റെയും അനുഷ്ഠാനങ്ങളുടെയും ഒരു സംഘടിത പ്രസ്ഥാനമവുമ്പോള്‍. പ്രാത്ഥന എന്നത് സ്വന്തം കാര്യങ്ങള്‍ ദൈവത്തോട് പറഞ്ഞ് അതിന്റെ ലഭം കൊയ്യുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്ന സമകാലീക അവസ്ഥയില്‍ നിന്ന്. മറ്റുള്ളവരുടെ ഭൌതിക പ്രശ്നങ്ങളാണ് തന്റെ ആത്മീയ പ്രശ്നങ്ങള്‍ എന്ന് ഒരു സൂഫി തിരിച്ചറിയുന്നു. അവന്റെ ആധിയും വ്യഥയും തന്റെ ചുറ്റുമുള്ള മറ്റ് മനുഷ്യജീവികളുടെയും, പ്രകൃതിയുടെ തന്നെയും പ്രശ്നങ്ങളും പ്രതിസന്ധികളും മാത്രമാവുന്നു. അതുകോണ്ട് തന്നെ തനിക്ക് തന്റെ സഹജീവികളോടും പ്രകൃതിയോടും, അഖില ചരാചരങ്ങളോടുമുള്ള കടമകളും കടപ്പാടുകളും മറക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്നവനല്ല സൂഫി. പക്ഷേ വ്യത്യാസമെന്തന്നു വെച്ചാല്‍ സാധാരണ രീതിയില്‍ ഒരു മതവിശ്വാസിയെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന, ദൈവത്തില്‍ നിന്നു ലഭിക്കാന്‍ പോകുന്ന സ്വര്‍‌ഗ്ഗത്തോടുള്ള ഭ്രമമോ അതെല്ലെങ്കില്‍ മറ്റെന്തങ്കിലും ഭൌതിക നേട്ടങ്ങളോ ഒന്നും തന്നെയല്ല ഒരു സൂ‍ഫിയുടെ പ്രേരണ. മറിച്ച് ദൈവത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അവനെ പ്രേരിതനാക്കുന്നത്. മറ്റ് മനുഷ്യജീവികളെയും , സര്‍വ്വ ചരാചരങ്ങളിലേക്ക് പകരുന്നതിലൂടെ അവന്റെ പ്രണയം ചെന്നത്തുന്നത് ദൈവത്തിലേക്കാണ് എന്ന് അവന്‍ തിരിച്ചറിയുന്നു. അവന്‍ സ്വയം നഷ്ടമാവുന്നതും ഉപേക്ഷിക്കപ്പെടുന്നതും ദൈവത്തിലേക്കാണ്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ സൂഫി വര്യന്മാരുടെയും മിസ്റ്റിക്കുകളുടെയും ചരിത്രത്തില്‍ നിന്നും നമുക്ക് വ്യക്തമാകും.

Monday, September 25, 2006

സൂഫിസം - ഒരാമുഖക്കുറിപ്പ്


സൂഫിസം എല്ലാ മതങ്ങളിലുമുണ്ട്. എല്ലാ മതങ്ങളും ഉള്‍പെട്ടതാണ് സൂഫിസം. പിന്നെ എവിടെയാണ് സംഘടിതവും സാമ്പ്രതായികവുമായ മതങ്ങളില്‍ നിന്നും സൂഫിസം വഴി പിരിയിന്നത്. ഒരു കഥ പറയാം.
പ്രഥമ സൂഫി വനിതയായിരുന്ന റാബിയത്തുല്‍ അദവിയ്യ ഒരിക്കല്‍ ബാഗ്ദാദിലെ ഒരു ഗ്രാമ വീഥിയിലൂടെ നടന്നു നീങ്ങകയായിരുന്നു അപ്പോഴാണ് തൊട്ടടുത്ത മദ്രസ്സ(മത പഠന വിദ്യാലയം)യില്‍ നിന്നും ഒരു മുല്ല കുട്ടികളോടായി ഇപ്രകാരം പറയുന്നത് റാബിയ കേള്‍ക്കാന്‍ ഇടവന്നത്. “നിങ്ങള്‍ അല്ലാഹുവിന്റെ വാതില്‍ എപ്പോഴു മുട്ടിക്കൊണ്ടിരിക്കുക അത് നിങ്ങളുടെ മുമ്പില്‍ തുറക്കുന്നതുവരെ”. മുല്ലയുടെ അനുവാദം കാത്തു നില്‍ക്കാതെ അവിടേക്ക് കയറിച്ചെന്ന റാബിയ, കരുണാമയനും, സ്‌നേഹദാതാവും സര്‍വ്വവ്യാപിയുമായ ദൈവത്തോടുള്ള പ്രണയത്തില്‍ മാത്രം ജീവിച്ച സൂഫി കവയത്രി മുല്ലയോടായി ഇപ്രകാരം പറയുന്നു. നിങ്ങള്‍ ദയവുചെയ്ത് കുട്ടികള്‍ക്ക് ഇപ്രകാരം തിരുത്തി പറഞുകൊടുക്കുക. ദൈവത്തിന്റെത് ഒരിക്കലും അടക്കാത്ത വാതിലാണ് അത് ഓരോ ജീവജാലങള്‍ക്കുമായ് സദാ തുറന്നിടപ്പെട്ടതാണ് ആ സ്‌നേഹ കവാടം അതുകൊണ്ട് തന്നെ അതില്‍ ആരും മുട്ടേണ്ടതില്ല ആര്‍ക്കും യഥേഷ്റ്റം അതില്‍ പ്രവേശിക്കാം ” കുറച്ചുകൂടി തെളിയിച്ച് പറഞ്ഞാല്‍ ദൈവത്തിന് ഒരു വാതിലുകളോ മതില്‍ക്കെട്ടുകളോ ഇല്ല തന്നെ.
കവികളുടെ കവിയായ സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമിയുടെ ഈ കഥ സുപരിചിതമാണ്. ഇന്ത്യയില്‍ ഒരുകൂട്ടം മനുഷ്യര്‍ ആനയെ കണ്ടത് . ഇരുട്ടിലായിരുന്നു സംഭവം. കാലുകള്‍ സ്പര്‍ശിച്ചവര്‍ക്ക് ആന ഒരു സിലിണ്ടര്‍ പോലയാണ് എന്നത്രെ തോന്നിയത്. ചെവി അനുഭവിച്ച ഒരുക്കൂട്ടം വിയോജിച്ചുകൊണ്ട് പറയുന്നഅതാവട്ടെ ആന ഒരു ഫാന്‍ പോലെയുള്ള അനുഭവമാണെന്ന്. അങ്ങനെ നീളുന്നു അവരുടെ അറിവുകള്ളും വിവരണങളും. അലോചിച്ചു നോക്കൂ എല്ലാം ഒരോ അര്‍ത്ഥത്തില്‍ ശരിയാണ്. അതേ സമയം വളരെ ശുഷ്കവുമാണ്. എന്നാല്‍ അവരുടെ കയ്യില്‍ അപ്പോള്‍ ഒരു മെഴുകുതിരി ഉണ്ടായിരുന്നെങ്കിലോ?. അവര്‍‍ക്കെല്ലാം ആനെയെ മൊത്തമായും തെളിഞ്ഞും കാണാമായിരുന്നു. നമ്മുടെ ഉള്ളില്‍ ഗുപ്തമായിരിക്കുന്ന അറിവിന്റെ ആത്മീയ ചൈതന്യമാണ് യഥാര്‍ത്ഥത്തില്‍ ഈ മെഴുകുതിരി നാളം. ഈ പ്രകാശത്തിനു വേണ്ടിയുള്ള അനന്തവും നിരന്തരവുമായ അന്വേഷണത്തിന്റെ വഴിയിലാണ് സൂഫിസത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഈ പവിത്രമായ യാത്രയുടെ വഴിയില്‍ സര്‍വ്വവും ഒന്നവുന്നു പൂര്‍‌ണ്ണതയോടടുക്കുന്നു.
അവ്യക്തതയുടെ സൌന്ദര്യം
റൂമിയുടെ ഈ കഥക്ക് മുകളില്‍ പറഞ്ഞതിലും കവിഞ്ഞ ഒരു തലമില്ലേ എന്നു സൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാവേണ്ടതാണ്. മെഴുകുതിരി വെളിച്ചത്തില്‍ നിന്നും നമുക്ക് ദൃശ്യമാവുന്നത് ത്രിമാന ദൃശ്യങ്ങള്‍ മാത്രമാണ്. ഒരു പക്ഷേ അതിനപ്പുറത്തേക്കും വളരെ സൂഷ്മമായ ചില സത്യത്തിന്റെ സുന്ദരമായ മുഖങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടാവാം. ആ തരത്തിലുള്ള ഒരു ബോധ്യം കൂടി ഈ മെഴുകുതിരി നാളം പകര്‍ന്നു നല്‍കുന്നുണ്ട്. ആ ബോധ്യമാണ് നമ്മുടെ ഹൃദയത്തെ വിനയാന്വിതമാക്കുന്നത്, ലോലമാക്കുന്നത്. ആ കാഴ്ചയുടെ സൌന്ദര്യം സ്വായത്തമാകാനോ അനുഭവിക്കാനോ ഉള്ള നിരന്തരവും അനന്തവുമായ ആത്മാന്വേഷണത്തിന് നമ്മെ പ്രാപ്തമാക്കുന്നു. കാണുന്ന കാഴ്ചകള്‍ക്കും അപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാഴ്ചയുടെ നിഗൂഡതയാണിത്. അറിവിനപ്പുറത്തേക്ക് നീണ്ടു പോകുന്ന അറിവിന്റെ അനന്യമായ സൌന്ദര്യം സൃഷ്ടിക്കുന്നുണ്ട് ഇത്തരത്തില്‍ അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍. ഈ സൌന്ദര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് സര്‍വ്വവും ഉള്‍ക്കൊള്ളാനുള്ള വിശാലതയിലേക്ക് ഒരു സൂഫി സ്വയം രൂപാന്തരപ്പെടുന്നത്.
സൂഫിസം ചില നിര്‍വചനങ്ങള്‍

സര്‍വ്വ വിധ ജ്ഞാനങ്ങള്‍ക്കും നിര്‍വചനനങ്ങള്‍ക്കും അതീതമാം വിധം ഗുപ്തവും നിഗൂഡവുമാണ് സൂഫിസം. അതുകൊണ്ടാണ് അത് മിസ്റ്റിസിസം ആവുന്നത്. നിങ്ങള്‍ക്ക് ഒരു ഗാനം കേള്‍ക്കുമ്പോള്‍ അതിന്റെ ഭംഗിയെക്കുറിച്ച് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കാം. പക്ഷെ നിങ്ങള്‍ക്കുണ്ടായ അനുഭവം, അനുഭൂതി അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനോ പകര്‍ന്നുകൊടുക്കാനോ കഴിയില്ല. അതുപോലെ സൂഫിസത്തെ നിര്‍വചിക്കുമ്പോള്‍ നമ്മള്‍ ഒട്ടേറെ പരിമിതികളില്‍ ചെന്നെത്തുന്നു . എങ്കിലും മഹാത്മാക്കളായ ചില സൂഫി ഗുരുക്കന്‍‍മാരുടെ പ്രസക്തമായ ചില നിര്‍വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു
സൂഫി ഗുരുവായ ഇബ്‌നു അഹമ്മദ് : “ദൈവത്തിന്റെ ഇച്ചയ്ക്കനുസരിച്ച് സ്വത്വത്തെ ദൈവത്തിലേക്ക് ഉപേക്ഷിക്കുന്നതാണ് സൂഫിസം”
സൂഫിഗുരുവായ ജുനൈദ് : “ഒരു തരത്തിലുള്ള ബന്ധനങ്ങളോ ഉപാധികളോ ഇല്ലാതെ നിങ്ങള്‍ എല്ലയ്‌പോഴും ദൈവത്തോടൊപ്പമിരിക്കുക. ”- സൂഫിസത്തിന്റെ സത്ത
ജുനൈദിന്റെ ഗുരുവായ മുഹമ്മദ് ഇബ്‌നു അലി അല്‍ ഖസബ്: “മഹത്തായ ഒരു ജനതയുടെ സാന്നിദ്ധ്യത്തില്‍ ഏറ്റവും വിനീതനായ ഒരു മനുഷ്യന്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സമയത്ത് സ്വയം നിറ്വചിച്ച് മഹത്തരമായി പെരുമാറുന്നതാണ് സൂഫിസം” മിസ്റ്റിക്ക് ഗുരുവായ അമീറുബ്‌നു ഉസ്മാന്‍ അല്‍ മക്കി : “ഓരോ നിമിഷത്തിലും ആ നിമിഷം എന്താണോ ആവശ്യപ്പെടുന്നത് അതായിരിക്കുക എന്നതാണ് സൂഫിസം”

ആരാണ് സൂഫി?

ആരാണ് ഒരു സൂഫി?

“ആരാണോ മറ്റുള്ളവരുടെ അഭിപ്രായങളില്‍ നിന്നും കാഴ്ച്കപ്പാടുകളില്‍ നിന്നും സ്വയം വേര്‍പെടാതിരിക്കുകയും അതേ സമയം സ്വന്തം ഹൃദയത്തെ ദൈവത്തിന്റെ പരിപാവനമായ ക്ഷേത്രമായി തിരിച്ചറിയുകയും ചെയ്യുന്നത്”

എന്താണ് സൂഫി അഭിലഷിക്കുന്നത്?
“ തെറ്റായ സ്വന്തത്തെ ഉപേക്ഷിക്കുക അന്തര്‍ലീനമായ ദൈവാംശത്തെ കണ്ടത്തുക“

എന്താണ് ഒരു സൂഫി പഠിപ്പിക്കുന്നത്?
“അനിര്‍വ്വചനീയവും അനന്തവുമായ ആത്മീയാനന്ദം”

എന്താണ് ഒരു സൂഫി തേടുന്നത്?
“ബോധോദയത്തിന്റെ ദിവ്യ പ്രകാശം”

എന്താണ് ഒരു സൂഫി കാണുന്നത്?
“എല്ലാം ഒന്നാകുന്ന സമന്വയത്തിന്റെ അനന്ത സാ‍ഗരം”

എന്താണ് ഒരു സൂഫി പകര്‍ന്നുകൊണ്ടിരിക്കുന്നത്?
“സര്‍വ്വ ചരാചരങ്ങളിലേക്കും വ്യാപിക്കുന്ന അതിരറ്റതും നിസ്വാര്‍ത്ഥവുമായ സ്‌നേഹം”

എന്താണ് ഒരു സൂഫിക്ക് ലഭ്യമാവുന്നത്?
“ മഹത്തരവും നിസ്വാര്‍ത്ഥവുമായ ദിവ്യപ്രണയത്തിന്റെ ശക്തി”

എന്താണ് ഒരു സൂഫിക്ക് നഷ്ടമാവുന്നത്?
“സ്വയം, അല്ലങ്കില്‍ സ്വന്തത്തെ”